തെരുവിൽ വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങൾ

1449

” ഉമ്മാ , ഇങ്ങക്കെന്തു പറ്റി?’ ഒന്നുമില്ല മോനെ – ഉമ്മയുടെ മറുപടി
ഒന്നുമില്ല ഒന്നുമില്ലായെന്ന മറുപടിയിൽ പലപ്പോഴും നമ്മള് സന്തോഷിച്ചു ,എന്നാൽ ഉമ്മയോ ???
ഉമ്മയെന്ന വാക്ക് ജീവിതത്തിലെ ഒരു വെളിച്ചമാണ്.

കനല് കോരിയെടുന്ന ചിന്തകളിൽ ഉമ്മയെന്നും ആശ്വാസത്തിന്റെ തണുപ്പാണ്.വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത മഹാ പ്രതിഭാസമാണ് നമ്മെ പെറ്റയുമ്മ

കടുത്ത പനിപെട്ട് ,കട്ടിലിൽ ചുരുണ്ടു കൂടി ചുമച്ചു ചുമച്ച് വിറങ്ങലിച്ചു കിടന്നപ്പോഴും ചിരിച്ചു കൊണ്ടുമാത്രം സംസാരിച്ചിരുന്നു നമ്മുടെയുമ്മ ..അവസാനത്തെ വണ്ടിയിൽ വരാറുള്ള മകനെയും കാത്ത് അന്നത്തെ അത്താഴം ചൂടോടെ നൽകിയ നമ്മുടെയുമ്മ …ഖൽബിൽ ചാലിച്ച് സ്നേഹത്തിൽ മുക്കിയ ഉമ്മയുണ്ടാക്കിയഭക്ഷണം.ഉമ്മ നൽകിയ ഭക്ഷണം കഴിച്ചു നാളിതുവരെ ദഹനക്കേടുണ്ടായിട്ടില്ല ..ഭക്ഷണത്തിൽ യാതൊരു പുതുമയുമില്ല ..ഒരേ ഭക്ഷണം.എന്നാലും മനസ്സിലെന്നും പുതുമയായിരുന്നു .

വയസ്സ് അറുപതു കഴിഞ്ഞിട്ടും പുതുമ നശിക്കാത്ത നമ്മുടെയുമ്മ, വയറു കീറിയ വേദന മറന്നു തൊണ്ടയിലൂടെ അമ്മിഞ്ഞിപ്പാലിൻറെ മധുരം നൽകിയ നമ്മുടെ യുമ്മ

പുതിയ ജീവിത സാഹചര്യത്തിൽ വലിയ വലിയ മണിമാണികകളിൽ പോലും ,ക്ലാവ് പിടിച്ച പാത്രം കണക്കെ മുറികളിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് പലയുമ്മമാരും.തിരിച്ചറിവ് നഷ്ട്പ്പെട്ട ഇന്റർനെറ്റ്‌ മക്കളാണ് നാമിന്ന്.നെഞ്ചോട് ചേർത്തു പിടിച്ച ,കാരണവന്മാരിലൂടെ കൈ മാറികിട്ടിയ പല നല്ലനല്ല മൂല്യങ്ങളും നമ്മിൽ നിന്നും ചോർന്നു പോയിരിക്കുന്നു. തിരിച്ചു നടക്കണം ഉമ്മമാരിലേക്ക്. ആകാലടികൾ സ്വർഗ്ഗത്തിലേക്ക് നമ്മെ സഹായിക്കും. അല്ലായെങ്കിൽ, ജീവനും ജീവിതവും നൽകിയ ലോക നാഥൻ നമ്മെ വെറുതേ വിടില്ല. തീർച്ചയാണ് അവനിലേക്ക് നാം തിരിച്ചു വിളിക്കപ്പെടും മുൻപേ, നമുക്ക് നാഥൻ നൽകിയ അനുഗ്രഹങ്ങളെല്ലാം തിരിച്ചെടുക്കപ്പെടും, മക്കളാൽ അവഗണിക്കപ്പെട്ട് തെരുവോരങ്ങളിൽ,അഭയ കേന്ദ്രങ്ങളിൽ വിങ്ങിപ്പൊട്ടുന്ന വലിച്ചെറിയപ്പെട്ട നക്ഷത്രക്കൂട്ടങ്ങളാകരുത് നമ്മുടെയുമ്മമാർ