റമദാനും ആത്മ വിചാരണയും

1197

റമദാൻ ആത്മ വിചാരണയുടെ മാസമാണ് .ആത്മ വിചാരണയെന്നത് ഓരോ വിശ്വാസിയും നിത്യവും നടത്തേണ്ട ഒരു സൽകർമ്മമാണ് .

തങ്ങൾ ചെയ്ത പ്രവർത്തനങ്ങളെയും ,അനക്കങ്ങളെയും അടക്കങ്ങളെയും സംബന്ധിച്ചു നടത്തുന്ന ആത്മ വിചാരണ വിശ്വാസിക്ക് നന്മയും ആശ്വാസവും പ്രദാനം ചെയ്യും .ജീവിതത്തിൻറെ കണക്കു പുസ്തകത്തിൽ നിന്നും കൊഴിഞ്ഞു പോയ റമദാനുകൾ നിരവധിയാണ് .

ഓരോ റമദാനും ഖബറിൽ വെളിച്ചവും പരലോകത്ത് സ്വർഗ്ഗവും നേടിത്തരേണ്ട പുണ്യങ്ങളായി മാറേണ്ടതുണ്ട് പിന്നിട്ട റമദാനുകൾ അത്തരത്തിലായിരുന്നുവോയെന്ന ഒരു കണക്കെടുപ്പ് നാമോരോരുത്തരും നടത്തിയേ പറ്റൂ .

അല്ലാഹു പറയുന്നു:
“വിശ്വസിച്ചവരെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക .ഓരോ വ്യക്തിയും താൻ നാളേക്കുവേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക ,തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു ‘(അൽ ഹശ്‌ർ :18 )

ഈ റമദാൻ നാം ആഗ്രഹിച്ചതാണ് .നമ്മുടെ സ്വപ്‌നവും അഭിലാഷവുമാണ് .സ്വർഗ്ഗത്തെ അല്ലാഹു റമദാനിൽ മോടിയാക്കും.സ്വർഗ്ഗത്തിന്റെ അണിഞ്ഞൊരുക്കം റമദാനിൽ പട്ടിണി കിടന്നവനെ സ്വീകരിക്കാനല്ല ,ദൈവ മാർഗ്ഗത്തിൽ നോമ്പനുഷ്ടിച്ചവനെ വരവേൽക്കുവാനാണ് അവരിൽ എനിക്കുൾപ്പെടാൻ കഴിയുമോ എന്നതാണ്‌ റമദാനിനു മുൻപുള്ള നമ്മുടെ ചിന്താ വിഷയം